Vishnu H

I am Vishnu, living in Kerala, working as a lecturer. This is my blog where I write about my life, my friends, and the world around me.

Monday, April 18, 2011

ഉറുമി - ഒരു ചലച്ചിത്ര കാവ്യം


ഇന്ന് ഞാന്‍ എഴുതുന്നത്‌ ഇപ്പോള്‍ ഇറങ്ങിയ ഒരു സിനിമയെ കുറിച്ചാണ് - "ഉറുമി" - എഴുതാന്‍ കാരണങ്ങള്‍ കുറെ ഉണ്ട്. എന്താണെന്നോ? പറയാം.

എന്നോട് പലരും പറഞ്ഞു, ഉറുമി സിനിമ അത്രയ്ക്ക് വലിയ സംഭവം ഒന്നും അല്ല, കൊള്ളില്ല എന്നൊക്കെ. അവര്‍ക്കെല്ലാം കൂടി ഒരുമിച്ചു ഒരു മറുപടി പറയാമെന്നു കരുതി.

എന്റെ അഭിപ്രായത്തില്‍ പറഞ്ഞാല്‍ , ഉറുമി ഒരു സംഭവം തന്നെ ആണ്. അതുകൊണ്ടാണ് ഞാന്‍ രണ്ടു തവണ തിരുവനന്തപുരം ശ്രീ പദ്മനാഭയില്‍ പോയി ഉറുമി കണ്ടത്. അവിടെ തന്നെ പോയി കാണണം. മിക്കവാറും ഇനിയും ഞാന്‍ പോകാന്‍ ചാന്‍സ് ഉണ്ട് കേട്ടോ....

ഇനി കാര്യത്തിലേക്ക് കടക്കാം.

ഉറുമിയുടെ കാര്യത്തില്‍ പലര്‍ക്കും കഥ മനസിലായില്ല എന്ന അഭിപ്രായം ഉള്ളത് എന്തുകൊണ്ടാണ്? മറ്റൊന്നുമല്ല, ഇതിലെ കഥ മനസിലാകണമെങ്കില്‍ അല്പം ബുദ്ധി തന്നെ വേണം. പോട്ടെ, ആദ്യത്തെ തവണ കഥ മനസിലായില്ലെങ്കില്‍ ക്ഷമിക്കാം. രണ്ടാമതും കാണുമ്പോള്‍ കഥ മനസിലായില്ലെങ്കില്‍ പിന്നെ ഞാന്‍ ഒന്നും പറയില്ല, ആരും ഒന്നും പറയില്ല.

കഥയുടെ സാരം ഇതാണ് - പതിനഞ്ചാം നൂറ്റാണ്ടിലെ കേരളം. അന്ന് വാസ്കോ ഡി ഗാമ കോഴിക്കോട് കപ്പലിറങ്ങുന്നു. പിന്നെ അധിനിവേശത്തിനായുള്ള പട. അന്ന് വാസ്കോ ഡി ഗാമ കൊല്ലുന്നത് ചിറക്കല്‍ കൊത്തുവാള്‍ എന്ന പടനായകനെ. അദ്ദേഹത്തിന്റെ മകന്‍ ആണ് ചിറക്കല്‍ കേളു. അച്ഛനെ കൊന്നു കുലം മുടിച്ച വാസ്കോ ഡി ഗാമയെ കൊല്ലാന്‍ തീരുമാനിച്ച കേളുവിന്റെ യാത്രകളും നീക്കങ്ങളും ആണ് ചിത്രത്തിന്റെ സാരം. അവസാനം കേളു ഗാമയെ കൊല്ലുന്നില്ല എങ്കിലും ഇനി അങ്ങേരു ജീവിച്ചിട്ട് കാര്യമില്ല എന്ന പാകത്തില്‍ ഗാമയെ അടിച്ചു പതം വരുത്താന്‍ കേളുവിന് കഴിഞ്ഞു. പറങ്കികളുടെ വെടിക്കോപ്പിനും തോക്കിനും മുന്നില്‍ ചിറക്കല്‍ കേളു മരിക്കുന്നു. 

ചിത്രം തുടങ്ങുമ്പോള്‍ തന്നെ കാണുന്നത് "ഗൂഗിള്‍ സെര്‍ച്ച്‌" ആണെന്നത് കൌതുകം തന്നെ. കെ.പി.എ.സി.ലളിത ചേച്ചി ആണ് കേരളത്തിന്റെ ചരിത്രത്തെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത്. "ചരിത്രത്തിനു വിചിത്രമായ ഒരു ആവര്‍ത്തന സ്വഭാവം ഉണ്ട്" എന്ന് ലളിതചേച്ചി പറയുന്നുണ്ട്. അപ്പോള്‍ ഊഹിക്കാമല്ലോ, പഴയ ചരിത്രത്തിലെ കഥാപാത്രങ്ങള്‍ വീണ്ടും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുകയാണ്. അതില്‍ ചിറക്കല്‍ കേളു (പ്രിഥ്വിരാജ്) രണ്ടാമതും ജനിക്കുമ്പോള്‍ പുള്ളി കേരളത്തിന്‌ പുറത്താണ്. പുള്ളിക്കാരന്‍ യാദൃശ്ചികമായി നാട്ടിലേക്ക് തിരിച്ചു വരുകയും അവിടെ വച്ച് ആ നാടിന്റെ ചരിത്രം കേള്‍ക്കുകയും ചെയ്യുന്നു. അങ്ങനെ ആണ് ചരിത്രത്തിലേക്ക് ചിത്രം കടന്നു ചെല്ലുന്നത്.

കേരളത്തിന്റെ ചരിത്രം അതേപോലെ കാണിക്കുകയല്ല, അതില്‍ അല്പം മാറ്റങ്ങള്‍ വരുത്തി ആണ് കാണിക്കുന്നതെന്ന് ആദ്യമേ പറയുന്നുണ്ട്. 

 വാസ്കോ ഡി ഗാമയെ കുറിച്ച് നമ്മള്‍ പത്താം ക്ളാസ്സില്‍ പഠിച്ചത് മാത്രമേ നമ്മള്‍ക്കെല്ലാം അറിയാവുന്നത്. "മഹാനായ നാവികന്‍ " എന്ന് ലോകം വാഴ്ത്തപ്പെട്ട ഗാമയുടെ യഥാര്‍ത്ഥ മുഖം ഈ ചിത്രത്തില്‍ വരച്ചുകാട്ടുന്നുണ്ട്. ഇത് ചുമ്മാ "തള്ളിയതാണോ" എന്നറിയാന്‍ ഞാന്‍ ഇന്റര്‍നെറ്റ്‌ ഒക്കെ പരതി. സംഗതി ഉള്ളത് തന്നെ. ഗാമ ഇവിടന്നു പലരെയും പിടിച്ചുകൊണ്ടു പോവുകയും, ചെവിയും നാക്കും മുറിച്ചു മാറ്റുകയും കപ്പലില്‍ ഇട്ടു തീ കൊളുത്തി കൊല്ലുകയും ഒക്കെ ചെയ്തതായി ചരിത്രം പറയുന്നു. ഇതൊക്കെ ഉറുമി കണ്ടു കഴിഞ്ഞപ്പോള്‍ ആണ് മനസിലായത് തന്നെ.

ഇനി മറ്റു വശങ്ങളിലേക്ക്...

ഉറുമിയുടെ ക്യാമറ സന്തോഷ്‌ ശിവന്‍ ആണെന്ന് പറയുമ്പോള്‍ പിന്നെ അതില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ഒന്നും വേണ്ട തന്നെ. വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. പ്രകൃതി ഭംഗി വളരെ മനോഹരമായി ഒപ്പിയെടുത്ത ഓരോ ഫ്രെയിമും കണ്ണിനു കൂടുതല്‍ മനോഹരമാകുന്നു. പോസ്റ്റ്‌-പ്രോസസ്സിങ്ങില്‍ പലയിടത്തും കളര്‍ ടോണ്‍ മാറ്റിയോ? ഉണ്ടാകും... ചിലയിടത്തൊക്കെ പഴമയുടെ നിറം അതുപോലെ ചാലിച്ച് ചേര്‍ത്തിട്ടുണ്ട്. ആ സീന്‍ പണ്ട് എന്നോ ചിത്രീകരിച്ചതാണോ എന്നൊക്കെ തോന്നുന്ന വിധം നന്നായി ചെയ്തിട്ടുണ്ട്.

സംഗീതം ദീപക് ദേവ്. ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ ദീപക് ദേവ്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ "WHOAAHH"  ( UPDATE: പക്ഷെ ഈ ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ അടിച്ചു മാറ്റിയതാണെന്ന് ഫേസ് ബുക്കിലും മറ്റും ലിങ്കുകള്‍ കാണുകയും, അതുപോലെ തന്നെ മറ്റു പല പാട്ടുകളും വെറും "ഈച്ച കോപ്പി" മാത്രമാണെന്നും അറിയാന്‍ കഴിഞ്ഞു. അതും ഷെയര്‍ ചെയ്യാം. ലിങ്ക്: http://www.youtube.com/watch?v=4QpRCK1IbiE . ഇത് വലിയ ചതിയായിപ്പോയി മാഷേ...!!!! അല്ലെങ്കില്‍ ചിത്രത്തിന്റെ ടൈറ്റിലില്‍ യഥാര്‍ത്ഥ ആളുകള്‍ക്ക് ഒരു ക്രെഡിറ്റ്‌ കൊടുക്കാമായിരുന്നു.)

പാടുകളൊക്കെ നന്നായി ചെയ്തിട്ടുണ്ട്. ദീപക് ദേവിന്റെ സ്ഥിരം ശൈലി വിട്ടു പുതിയൊരു രീതിയിലാണ് പാട്ടുകള്‍ എല്ലാം. "ചിന്നി ചിന്നി" എന്ന പാട്ട് ആണ് ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചത്. (ഈ പാട്ടിനു ഒരു സ്റ്റേറ്റ് അവാര്‍ഡ്‌ പ്രതീക്ഷിക്കാം). പിന്നെ, ദാസേട്ടന്‍ പാടിയ "ആരോ നീയാരോ" എന്ന പാട്ടും കൊള്ളാം. പക്ഷെ തിയേറ്ററില്‍ ആ പാട്ട് വളരെ കുറച്ചേ ഉള്ളു. പിന്നെ ദീപക് ദേവിന്റെ സ്ഥിരം സ്റ്റൈല്‍ - ഒരു റോക്ക് റീമിക്സ്. അതും പ്രിഥ്വിരാജ് പാടിയത്. "എനിക്ക് പാടാനും പറ്റും" എന്ന് പ്രിഥ്വിരാജ് മൂന്നാമതും തെളിയിച്ചു. ഈ റോക്ക് മിക്സ്‌ ആകെ രണ്ടു ലൈന്‍ മാത്രമേ സിനിമയില്‍ കാണിക്കുന്നുള്ളൂ. അല്പം കൂടി വേണമായിരുന്നു. ശ്രീ പദ്മനാഭയില്‍ ആ പാട്ട് ശെരിക്കും എന്ജോയ്‌ ചെയ്യാം. 

അഭിനേതാക്കള്‍ എല്ലാരും വ്യത്യസ്തമായ അഭിനയം കാഴ്ച വെച്ചു എന്ന് എടുത്തു പറയണം. പ്രിഥ്വിരാജ് എങ്ങനെ ആണെന്ന് പറയണ്ടല്ലോ, മോഡേണ്‍ ആയാലും, ചിറക്കല്‍ കേളു ആയാലും നന്നായി ചെതിട്ടുണ്ട്. പിന്നെ പ്രഭുദേവ. പ്രഭുദേവ വളരെ നന്നായി "ചങ്ങായി" ആയി. വവ്വാലി എന്ന കഥാപാത്രം ആണ് പ്രഭുദേവ. ചിറക്കല്‍ കേളുവിന്റെ ഉറ്റ സുഹൃത്ത്. അതുമല്ല, ചിത്രത്തിലെ ചിരിയുടെ മിക്കവാറും സ്രോതസ് പ്രഭുദേവ ആണ്. ജഗതി അവതരിപ്പിക്കുന്ന ചേണചേരി കുറുപ്പിന്റെ റോള്‍ അതി ഗംഭീരമാക്കാന്‍ ജഗതിക്ക് കഴിഞ്ഞു. അഭിനയ കലയുടെ അമ്പിളി ആണ് ജഗതി എന്ന് വീണ്ടും തെളിയിക്കുന്ന റോള്‍ . പിന്നെ നിത്യ മേനോന്‍ അവതരിപ്പിച്ച സാമൂതിരിയുടെ മകളുടെ വേഷം കൂടുതല്‍ തിളങ്ങിയത് "ചിന്നി ചിന്നി" എന്ന പാട്ടിലാണ്. അനന്ത ഭദ്രത്തിലെ "പിണക്കമാണോ" പാട്ടുപോലെ ഒരു പ്രത്യേക ചിത്രീകരണം ആണ് ഈ പാട്ടിനും. 

നായിക ബോളിവുഡ് താരം ജനീലിയ ഡിസൂസ ആണ്. "അറക്കല്‍ ആയിഷ" എന്ന കഥാപാത്രം. അഭിനയവും ആക്ഷനും അതിഗംഭീരം ആയിരുന്നെങ്കിലും ഒരു പ്രശ്നം ഉണ്ടായിരുന്നത് ലിപ് സിങ്കില്‍ ആയിരുന്നു. പലയിടത്തും ഡബ്ബിംഗ് ചേരാത്ത പോലെ. അത് മാത്രമാണ് ആകെ ഉണ്ടായിരുന്ന പ്രശ്നം. വിദ്യ ബാലന്‍ ഈ പ്രോജെക്ടില്‍ ചേരുമ്പോള്‍ തന്നെ വലിയ വാര്‍ത്ത ആയതു ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ, അതെ, അത് ഉള്ളത് തന്നെ! കണ്ടു മനസിലാക്കുക. താബുവിനു ഒരു പാട്ട് മാത്രമേ ഉള്ളു. വേറെ ഒരിടത്തും കണ്ടില്ല. മൊത്തത്തില്‍ പറഞ്ഞാല്‍ , എല്ലാരും നാന്നായിരുന്നു. 

ചിത്രം കണ്ടു പുറത്തിറങ്ങുമ്പോള്‍ 400 വര്‍ഷം അടിമകളായി ജീവിച്ച നമ്മുടെ പൂര്‍വികരുടെ ചരിത്രം ആകും നമ്മുടെ മനസ്സില്‍ നിറയുന്നത്. അതിനിടെ സ്വന്തം ജീവന്‍ ത്യജിച്ചു നമ്മുടെ നാടിനു വേണ്ടി പോരാടിയ എത്രയെത്ര വീര നായകര്‍ ... അതൊക്കെ ഓര്‍ക്കാന്‍ ഒരു അവസരം കൂടി. അതോടൊപ്പം നമ്മള്‍ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ തിരിച്ചറിയാന്‍ കൂടി ഒരു അവസരം.

ഇനി സസ്പെന്‍സ്. 

എന്താണ് ചിത്രത്തില്‍ "ഉറുമി"ക്ക് ഇത്ര പ്രാധാന്യം? അത് സസ്പെന്‍സ്.
അത് നിങ്ങള്‍ കണ്ടു തന്നെ അറിയുക.

7 comments:

വിനോദ് said...

എങ്ങനെ ചേട്ടന് സിനിമക്ക് ഷെയര്‍ ഉണ്ടായിരുന്നോ ?

മുക്കുവന്‍ said...

ചിത്രം കണ്ടു പുറത്തിറങ്ങുമ്പോള്‍ 400 വര്‍ഷം അടിമകളായി ജീവിച്ച നമ്മുടെ പൂര്‍വികരുടെ ചരിത്രം ആകും നമ്മുടെ മനസ്സില്‍ നിറയുന്നത്..

yea.. 400 years upper cast were not able to control.. before and after lower casts were slaves! when some one ruled upper cast it become a slave story...

this is the same case with Hitler too.. British rules all over world. when hitler attacked Britain, it become world war.. yea thats what I called propaganda !

Vishnu H said...

@വിനോദ്:
സത്യം പറയാല്ലോ വിനോദ് ചേട്ടാ, കണ്ടുകഴിഞ്ഞപ്പോ ആ സിനിമയ്ക്കു ഒരു ഷെയര്‍ ഇടാന്‍ കഴിഞ്ഞെങ്കില്‍ എന്ന് തോന്നി. പിന്നെ ഷോ കണ്ടു ഷെയര്‍ ഇട്ടു. അതും രണ്ടു തവണ. ഇനിയും കാണണം.

@മുക്കുവന്‍ :
അതെ, ഉള്ളതാണ്. upper cast ഒരിക്കലും "അടിമ" എന്നപോലെ ജീവിച്ചിട്ടില്ല. അത് ശ്രദ്ദേയമായ ഒരു കാര്യം തന്നെയാണ്.

പക്ഷെ, നമുക്ക് തന്നെ നമ്മുടെ നാടിനെ ഭരിക്കാനും, നമുക്ക് തന്നെ നമ്മുടെ രാജ്യത്തിന്റെ സ്വത്തുവകകള്‍ ഉപയോഗിക്കാന്‍ അവകാശം ഇല്ലാത്തതും, ഇവിടെ നിര്‍മിക്കുന്ന ഉപ്പിനു പോലും ചുങ്കം ചുമത്തിയതും, നമ്മുടെ കടലില്‍ നമുക്ക് സഞ്ചരിക്കാന്‍ ഫീസ്‌ കൊടുക്കുന്നതും എല്ലാം നമ്മുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന ഒരുമാതിരി "മറ്റേ" പരിപാടി ആയിരുന്നു. അങ്ങനെ സ്വാതന്ത്ര്യം ഇല്ലാതെ ആണ് നമ്മുടെ പൂര്‍വികര്‍ ജീവിച്ചതും. ആ സ്വാതന്ത്ര്യമില്ലായ്മ "അടിമത്തം" എന്ന പേരില്‍ അറിയപ്പെട്ടു. പക്ഷെ അതൊരിക്കലും അമേരിക്കയില്‍ ഒക്കെ ഉണ്ടായിരുന്ന വിധത്തില്‍ "അടിമപ്പണി" ചെയ്യാന്‍ വേണ്ടി മനുഷ്യ അടിമകളെ കച്ചവടം ചെയ്യുന്നത് പോലെ ആയിരുന്നില്ല.

ചുരുക്കി പറഞ്ഞാല്‍ , "400 വര്‍ഷത്തെ അടിമത്തം" എന്ന് പറയുന്നത് "400 വര്‍ഷത്തെ സ്വാതന്ത്ര്യമില്ലായ്മ" എന്ന് തന്നെയാണ് അര്‍ത്ഥമാക്കുന്നത്.

Anonymous said...

റിവ്യൂ എഴുതിയ ആള്‍ ബുദ്ധിമാനും ബാക്കി ഉള്ളവര്‍ മണ്ടന്മാരും ആണെന്ന് സ്വയം തോന്നിയാല്‍ എന്ത് ചെയ്യാനാ.. നല്ല തിരക്കഥയോ സംഭാഷണങ്ങളോ ഇല്ലാതെ എന്ത് കാണിച്ചു എന്ന് പറഞ്ഞിട്ട് എന്താ... സിനിമ കണ്ടു ഇറങ്ങിയപ്പോ "ഹോ.. തീര്‍ന്നു കിട്ടി" എന്ന് പലര്‍ക്കും തോന്നിയെങ്കില്‍ ആരുടെ കുറ്റം ?
വടക്കന്‍ വീരഗാഥ ഒക്കെ കണ്ടിട്ട് ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയോ.. 100 തവണ കണ്ടാലും ബോറടിക്കുമോ ?

Vishnu H said...

അനോണിമസ് ആയി കമന്റ്‌ ഇട്ടിട്ടുപോയ ആ അപരിചിതനോട്...

സിനിമ കണ്ടിട്ട് താങ്കള്‍ക്കു ഒന്നും മനസിലായില്ല എന്ന് മനസിലായി.

വെറുതെ സാധാരണ മലയാളം പടം കാണുന്നതുപോലെ ഇരുന്നു കണ്ടാല്‍ ഒന്നും മനസിലാകില്ല തന്നെ. അതാണ്‌ ഞാന്‍ പറഞ്ഞത്, അല്പം ചിന്തിച്ചു തന്നെ മനസിലാക്കണം. അതിലാണ് ആ സിനിമയുടെ ആസ്വാദ്യത. ഞാന്‍ മാത്രമല്ല, ആ സിനിമ കണ്ടു ആസ്വദിച്ച പലരെയും ഞാന്‍ കണ്ടു. അതുപോലെ തന്നെ, ഒന്നും മനസിലാകാത്ത പലരെയും കണ്ടു. മുന്‍പ് "ക്ലാസ്സ്മേറ്റ്സ്" എന്നൊരു സിനിമ ഉണ്ടായിരുന്നല്ലോ, അത് കണ്ടിട്ട് ഒന്നും മനസിലാകാത്ത ആളുകള്‍ പോലും ഉണ്ട്.

പഴയ സിബിഐ ചിത്രങ്ങള്‍ ഓര്‍ക്കുന്നില്ലേ? ചിലര്‍ക്ക് അത് ആദ്യം കാണുമ്പോള്‍ തന്നെ കഥ മനസിലാകും. മറ്റു ചിലര്‍ക്ക് വീണ്ടും കാണുമ്പോള്‍ മനസിലാകും. ഓരോരുത്തരുടെയും ആസ്വാദ്യതയുടെ തലം ഓരോ തരത്തിലാണ്.

ഉറുമിയുടെ കാര്യത്തിലും അങ്ങനെ തന്നെ. ആദ്യത്തെ തവണ കണ്ടിട്ട് പൂര്‍ണമായും മനസിലായില്ലെങ്കില്‍ പോട്ടെ, പക്ഷെ, രണ്ടാമതും കണ്ടിട്ട് ഒന്നും മനസിലായില്ല എന്ന് താങ്ങള്‍ പറഞ്ഞാല്‍ പിന്നെ എനിക്കൊന്നും പറയാനില്ല. സോറി.

വടക്കന്‍ വീരഗാഥ പോലെ ആണെങ്കില്‍ മാത്രമേ മറ്റുള്ള ചിത്രങ്ങളും കാണൂ എന്ന് വാശി പിടിക്കരുത്. സിനിമ എന്ന മാധ്യമം ഒരുപാട് വ്യത്യസ്ത നിറഞ്ഞ ഒന്നാണ്. ഉറുമിയുടെ തിരക്കഥയും സംഭാഷണങ്ങളും ഒരിക്കലും മറ്റൊരു ചിത്രത്തോടും താരതമ്യം ചെയ്യാന്‍ പറ്റില്ല. അതുപോലെ തന്നെ വ്യത്യസ്തമായ അവതരണ രീതിയാണ് ഉറുമിയുടെ മറ്റൊരു ഹൈലൈറ്റ്‌. ഈ പുതുമ ഇതുവരെ മറ്റൊരു ചിത്രത്തിലും ഉണ്ടായിട്ടില്ല. ഇത്തരം വ്യത്യസ്തതളും പുതുമകളും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ ദയവായി പോയി ഇങ്ങനെ സിനിമകള്‍ കണ്ടു മറ്റുള്ളവരെ കൂടി കാണുന്നതില്‍ നിന്നും നിരുല്സാഹപ്പെടുത്തരുത്.

പറ്റുമെങ്കില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത "രാവണപ്രഭു", "നന്ദനം", "തിരക്കഥ", "പാലേരിമാണിക്യം", "പ്രാഞ്ചിയേട്ടന്‍ ", "കേരള കഫെ", ശ്യാമപ്രസാദിന്റെ "ഋതു" മുതലായ ചിത്രങ്ങള്‍ കാണുക. എന്നിട്ട് വ്യത്യസ്തയും പുതുമയും എന്തെന്ന് മനസിലാക്കുക. ആ വ്യത്യസ്തയും പുതുമയും ആസ്വദിക്കുക.

വീണ്ടും കമന്റ്‌ ചെയ്യുക. അടുത്ത തവണ പേരെങ്കിലും വയ്ക്കണം കേട്ടോ? ... ;-)

albyns said...

ആദ്യം തന്നെ.. പേര് വയ്ക്കാത്തത് അല്ല.. ഞാന്‍ ബ്ലോഗില്‍ ഒന്നും കമന്റ്‌ ഇട്ടിട്ടില്ല.. അത് കൊണ്ട് അത് ശ്രദ്ധിച്ചില്ല.. അപ്രതീക്ഷിതമായി ഈ ബ്ലോഗ്‌ കണ്ടപ്പോ കമന്റ്‌ ഇട്ടു എന്ന് മാത്രം.. ഇന്നിപ്പോ ഓര്‍ത്തു അന്ന് ഇട്ട കമന്റ്‌ എന്തായി എന്ന്.. വെറുതെ ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്തു "ഉറുമി ബുദ്ധി" എന്ന്.. അപ്പൊ ദാ വന്നു..
മറുപടി വായിച്ചു... കിണറ്റില്‍ കിടക്കുന്ന തവളയ്ക്ക് അതാണ്‌ ലോകം എന്ന് പറയും പോലെ മലയാള ചിത്രങ്ങള്‍ മാത്രം കാണുന്ന ഒരാള്‍ക്ക്‌ ഉറുമി ഒരു വിസ്മയം തന്നെ.. സംശയം ഇല്ല.. പക്ഷെ ക്യാമറ ഗിമ്മിക്സ് കൊണ്ടൊന്നും സിനിമ ഹൃദയത്തില്‍ പതിയില്ല.. എന്തൊക്കെയോ ഉണ്ട്.. പക്ഷെ totally ഒന്നും ഇല്ല.. 14 ആം നൂറ്റാണ്ടിലെ കഥ പറയുമ്പോള്‍ സംഭാഷണം പലതും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ശൈലി ആണെന്നത് വലിയ തമാശ.. ഈ കാലഘട്ടത്തിലെ വളിപ്പ് തമാശകളും ഇത്തിരി ആഭാസ നൃത്തവും മറ്റു പൊടിക്കൈകളും കൂടെ.. എന്തായാലും സിനിമ മനസ്സിലാകാത്തത് കൊണ്ടാണ് പലരും ഇരുന്നു ഉറങ്ങിപ്പോയതും ചിലര്‍ ഇടവേളയ്ക്കു ഇറങ്ങി പോയതും എന്ന് തോന്നുന്നില്ല... ഞങ്ങള്‍ സ്ത്രീകള്‍ അടക്കം 15 പേരാണ് രണ്ടാം ദിവസം തന്നെ ഇടിച്ചു ചിത്രം കാണാന്‍ കയറിയത്.. അതില്‍ ഒരാള്‍ എങ്കിലും നല്ല ചിത്രം എന്ന് പറഞ്ഞിരുന്നു എങ്കില്‍ പിന്നെ ഈ കമന്റ്‌ ഇടില്ലായിരുന്നു.. :)
ഇന്റെര്‍വല്‍ ആയപ്പോ എല്ലാവരും പരസ്പരം ചോദിക്കുന്നു.. തീരും വരെ ഇരിക്കണോ എന്ന്...!!!

പിന്നെ മറുപടിയില്‍ പറഞ്ഞ ചില ചിത്രങ്ങള്‍..
രാവണ പ്രഭു.. ബെസ്റ്റ് സിനിമ.. ദേവാസുരം എന്ന നല്ല ചിത്രത്തെ നാണം കെടുത്താന്‍ ഉണ്ടാക്കിയ സൃഷ്ടി.. കണ്ടിരിക്കാന്‍ കുറച്ചു രസം തോന്നുമെങ്കിലും ഇമ്മാതിരി ചിത്രങ്ങളാണ് മലയാള സിനിമയില്‍ താരങ്ങള്‍ക്ക് വേണ്ടി ചിത്രങ്ങള്‍ ഉണ്ടാക്കുക എന്ന അധോഗതിയിലേക്ക് കൊണ്ടെത്തിച്ചത്..
നന്ദനം.. ശരിക്കും മനസ്സില്‍ പതിഞ്ഞ ചിത്രം.. വീണ്ടും വീണ്ടും കാണാന്‍ തോന്നിയ ചിത്രം..
തിരക്കഥ.. ഒരു നല്ല ചിത്രം..
പ്രാഞ്ചിയേട്ടന്‍.. ഒരു ഫ്രഞ്ച് സിനിമ ചുരണ്ടിയതാണെങ്കിലും നല്ല ചിത്രം.. അടുത്തിടെ കണ്ട നല്ല സൃഷ്ടി
ഋതു.. വ്യത്യസ്തമായ ഒരു നല്ല ചിത്രം.. ചില പുതുമുഖങ്ങളുടെ അഭിനയം മാത്രം ഇത്തിരി മധുരം കുറച്ചു..
പലേരി മാണിക്യം & കേരള കഫെ കണ്ടില്ല..

ഉറുമി... ബ്രേവ് ഹാര്‍ട്ട്‌ ഉം ഗ്ലാഡിയെറ്റരും 300ഉം ഒക്കെ അനുകരിച്ചു ഒരു സിനിമ ചെയ്യാന്‍ നോക്കി.. പക്ഷെ തിരക്കഥ പാളിപ്പോയി.. അതാണ്‌ ഉറുമിക്ക് പറ്റിയത്.. ആവശ്യമില്ലാത്ത കുറെ പാട്ടുകളും.. അതും പലതും ആണ്‍പിള്ളേര്‍ ചെയ്ത tune അടിച്ചു മാറ്റിയത്... BGM ഉള്‍പ്പെടെ.. ഇത് നോക്കിയാല്‍ മനസ്സിലാകും..
http://www.youtube.com/watch?v=4QpRCK1IbiE&feature=player_embedded
http://www.youtube.com/watch?v=DRZXwirKyo4&feature=share
ദീപക് ദേവിന്റെ ആരാധകന്‍ ആയതു കൊണ്ട് അദ്ദേഹത്തിന്‍റെ ആദ്യത്തെ സൃഷ്ടിയായ ക്രോണിക് bachelorലെ ഹിറ്റ്‌ സോന്ഗ് എവിടെ നിന്ന് ചുരണ്ടി എന്ന്കൂടി കാണിച്ചു തരാം.. ഇത്ര ഭീകരമായ ചുരണ്ടല്‍ മുമ്പ് കേട്ടിട്ടില്ല..!!
http://www.youtube.com/watch?v=fd3a189vcVc

എന്തായാലും വേറെ ഒന്നും തോന്നരുത്.. ഒരു സാധാരണ പ്രേക്ഷകനോട് ഇങ്ങനെ ഒന്നും പ്രതികരിക്കില്ല.. ഈ ബ്ലോഗില്‍ ഉറുമി ഇഷ്ടപ്പെടാത്തവര്‍ മണ്ടന്മാര്‍ എന്ന് പ്രഖ്യാപിച്ചത് കൊണ്ട് മറുപടി ഇട്ടു.. തര്‍ക്കിക്കാന്‍ അല്ല.. ഒരു നല്ല സിനിമ വിദ്യാര്‍ഥി അല്ലെങ്കില്‍ ആസ്വാദകന്‍ ആണെങ്കില്‍ ലോക സിനിമകള്‍ കണ്ടു നോക്കൂ.. ഹോളിവുഡ് അല്ല. മറ്റു വിദേശ ചിത്രങ്ങള്‍... കുറഞ്ഞ ബട്ജെറ്റില്‍ മികച്ച സിനിമകള്‍ എടുക്കുന്നതു എങ്ങനെ എന്ന് കണ്ടു പഠിക്കാം... For eg :.. Reqium for a dream, Run lola Run, Amores Peros etc.. ഇതൊന്നും അവാര്‍ഡ്‌ പടം അല്ല.. കണ്ടിട്ടില്ല എങ്കില്‍ ഒന്ന് കണ്ടു നോക്കൂ..25 കോടി മുടക്കി എന്തെങ്കിലും കാണിച്ചാല്‍ അത് പ്രേക്ഷകര്‍ സഹിച്ചു കൊള്ളണം എന്ന് നിര്‍ബന്ധം പിടിക്കുന്നത്‌ എങ്ങനെ..
കഴിഞ്ഞ 2 പതിറ്റാണ്ടായി വികല സൃഷ്ടികളും ടെലിവിഷന്‍ പരമ്പരകളും പ്രേക്ഷകന്റെ ആസ്വാദന നിലവാരം പടുകുഴിയില്‍ എത്തിച്ചിരിക്കുന്നു.. അത് തിരികെ കൊണ്ട് വരാന്‍ നല്ല സൃഷ്ടികള്‍ ആണ് വേണ്ടത്... നല്ല രചനകള്‍ ആണ് വേണ്ടത്... കോടികള്‍ അല്ല... ഉറുമി അത്ര മോശം എന്നൊന്നും അഭിപ്രായം ഇല്ല.. പാഴായിപ്പോയ നല്ല attempt.. അല്ലെങ്കില്‍.. "മനോഹരമായി ചിത്രീകരിച്ച ഒരു ബാലെ..."

Vishnu H said...

സുഹൃത്തെ, ഞാന്‍ ഇവിടെ എഴുതുമ്പോള്‍ മലയാള ചലച്ചിത്രലോകം മാത്രമാണ് മനസ്സില്‍ ഉണ്ടായിരുന്നത്. ഇത്തരമൊരു ബിഗ്‌ ബജറ്റ് ചിത്രം എടുത്താല്‍ , ലോക നിലവാരത്തിലുള്ള ഹോളിവുഡ് ചിത്രങ്ങളുമായി മലയാള സിനിമയെ താരതമ്യം ചെയ്യുന്നത് ശുദ്ധ അസംബന്ധം ആയിപ്പോകും. അതുകൊണ്ട് തന്നെ മലയാളം ചിത്രങ്ങളെ കുറിച്ച് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.

താങ്കള്‍ പറഞ്ഞപോലെ, 300, Gladiator, Braveheart ഒക്കെ കണ്ടിട്ടുണ്ട്. അതെല്ലാം നല്ലതായി തോന്നിയിട്ടുമുണ്ട്. പക്ഷെ ഒരിക്കലും മലയാളത്തിലെ പഴശ്ശിരാജയോ ഉറുമിയോ ഒന്നും അതിനോടൊന്നും താരതമ്യം ചെയ്യാന്‍ പറ്റില്ല തന്നെ. അതുകൊണ്ട് തന്നെ, "മലയാള സിനിമ ലോകം" എന്ന കൂപത്തില്‍ ഇറങ്ങിക്കിടന്നു റിവ്യൂ എഴുതുകയാണ് ചെയ്തതും. ആ കൂപത്തിനു പുറത്തിറങ്ങിയാല്‍ പിന്നെ ഉറുമിയടക്കം മലയാളത്തിലെ പല സിനിമകളും വെറും "ശിശുക്കള്‍ " മാത്രമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. അപ്പൊ പിന്നെ ഉറുമിയുടെ പിന്നിലുള്ള effort നെ അല്പമെങ്കിലും ന്യായീകരിക്കാന്‍ ലോക സിനിമകളോട് കണ്ണടച്ച് പിടിക്കാനെ കഴിയുള്ളൂ. മലയാളത്തില്‍ തന്നെ നിര്മിച്ചതല്ലേ.. അപ്പൊ ഒരു "വ്യത്യസ്ത മലയാളം ചിത്രം" എന്ന രീതിയില്‍ തന്നെ കാണുന്നതല്ലേ നല്ലത്. അല്ലാതെ അതിനെ ഒരിക്കലും എത്താന്‍ പറ്റാത്ത ഹോളിവുടിനോട് താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല.

കുറഞ്ഞ ബജറ്റില്‍ എടുത്തതും വളരെ മികച്ചതുമായ പല ചിത്രങ്ങളും മലയാളത്തിലും, ലോക സിനിമയിലും ഉണ്ട്. സത്യമാണ്. മലയാളത്തില്‍ ഈയിടെ വന്ന ട്രാഫിക്‌ മികച്ച ഒന്നാണെന്ന് പലരും പറഞ്ഞു (ഞാന്‍ കണ്ടില്ല ഇതുവരെ). പിന്നെ കുറച്ചു മുന്‍പ് വന്ന കോക്ക്‌ടെയില്‍ (ഹോളിവുഡ് കോപ്പി ആണെങ്കില്‍ പോലും) ഒരു ലോ ബജറ്റ്‌, കഥാതന്തുവും സന്ദേശവും ഉള്ള ഒന്നായിരുന്നു. അതുപോലെ പലതും. തിരിഞ്ഞു നോക്കിയാല്‍ വടക്കുനോക്കിയന്ത്രം പോലെ എത്രയെത്ര നല്ല ചിത്രങ്ങള്‍ മലയാളത്തിന് അഭിമാനിക്കാന്‍ ഉണ്ട്.

പക്ഷെ, നന്ദനം, തിരക്കഥ ഒക്കെ നിര്‍മിച്ചു കൈ പൊള്ളിയ നിര്‍മാതാക്കള്‍ പിന്നെ എപ്പോഴെന്കിലും അതുപോലൊരു ചിത്രത്തിന് വീണ്ടും ശ്രമിക്കുമോ? ഇവിടെ കാശ് വാരുന്നത് ക്രിസ്ടിയും പെരുമാളും പോക്കിരിരാജയും ഇരുപത്തി ഇരുപതും ഒക്കെ അല്ലെ. അത്തരം മള്‍ടി സ്റാര്‍ ബിഗ്‌ ബജറ്റ്‌ "സ്ഥിരം ഫോര്‍മുല" ചിത്രങ്ങളേക്കാള്‍ എത്രയോ വ്യത്യസ്തമാണ് ഉറുമി.

ഒരു പുതിയ കഥാ ചിത്രം നിര്‍മിച്ചു ഇത്തിരിപ്പോന്ന കേരളത്തിലെ ആകെ മൊത്തം അമ്പതു തീയേറ്ററില്‍ രണ്ടു ദിവസം ഓടിയിട്ടു കയ്യിലിരുന്ന കാശ് കൊടുത്തു കടിക്കുന്ന സിനിമ എടുത്തു എന്ന് പറയുന്നപോലെ, പരീക്ഷണ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ആരും തയ്യാരാകാതിരുന്നാല്‍ നമുക്ക് കാണാന്‍ താങ്കള്‍ പറഞ്ഞപോലെ കുറെ ഏറെ ലോക ചിത്രങ്ങള്‍ മാത്രം.

ദീപക്‌ ജി ചെയ്തത് മാരക ചതി ആയിപ്പോയി. അത് പറയാതെ വയ്യ. ഒരു പാട്ട് കോപ്പി അടിചെന്കില്‍ പോട്ടെ. പക്ഷെ ഇത് ഒരു സ്ഥിരം ഏര്‍പ്പാട് ആക്കുമെന്ന് പ്രതീക്ഷിച്ചില്ല. ദീപക്‌ ജി തന്നെ എത്ര നല്ല പാട്ടുകള്‍ക്ക് ഈണം നല്‍കിയതാണ്... "പിച്ച വെച്ച നാള്‍ ", "ചിന്നി ചിന്നി" ഒക്കെ നല്ല സൃഷ്ടികള്‍ തന്നെ. പക്ഷെ കഴിവുണ്ടായിട്ടും അപ്പുറത്ത് ഇരിക്കുന്നവന്റെ പേപ്പര്‍ കോപ്പിയടിച്ചു എഴുതുന്നത്‌ മോശം.

ഉറുമി ആദ്യം കാണുമ്പോള്‍ പല സീനുകളും തമ്മില്‍ ലിങ്ക് ചെയ്യാന്‍ കഴിയാതെ വരാം. പക്ഷെ അത് ഒരു തവണ കൂടി കാണുമ്പോള്‍ എല്ലാം മനസിലാകും. സേതുരാമയ്യര്‍ കേസ് തെളിയിക്കുന്നതുവരെ നമുക്ക് അതുവരെ കണ്ട സീനുകളുടെ അര്‍ഥം നമുക്ക്‌ മനസിലാകില്ലല്ലോ.. ആ ചിത്രം വീണ്ടും കാണുമ്പോഴാണ് ഓരോ സീനിന്റെയും അര്‍ഥം നമുക്ക്‌ മനസിലാകുന്നത്. അതുപോലെ ഒരു വളഞ്ഞ രീതിയിലാണ് ഉറുമി അവതരിപ്പിക്കുന്നതും. അതാകും പലരെയും ആദ്യം കണ്ടപ്പോള്‍ തന്നെ മടുപ്പിച്ചത്. കഥയറിയാതെ ആട്ടം കാണുന്ന ഒരു പ്രതീതി. ആദ്യമേ കണ്ടിട്ട് എനിക്കും മൊത്തം മനസിലായില്ല. പക്ഷെ വീണ്ടും കാണേണ്ട എന്തോ ഉണ്ട് എന്ന് തോന്നി വീണ്ടും കണ്ടപ്പോള്‍ ആണ് അതിന്റെ തിരക്കഥയുടെ മൊത്തത്തിലുള്ള അര്‍ഥം മനസിലാകുന്നത്. അതുകൊണ്ടാണ് പറഞ്ഞതും, ആദ്യമേ കണ്ടു മനസിലാക്കാന്‍ അല്പം ബുദ്ധി തന്നെ വേണം. ആദ്യം തന്നെ കണ്ടു മടുത്തവര്‍ പിന്നെയും കാണാന്‍ പോകില്ലല്ലോ. അതാകും പലപ്പോഴും നെഗറ്റീവ് റിവ്യൂ വരാന്‍ കാരണം.

(ആദ്യമായി ഒരു ബ്ലോഗില്‍ ഇടുന്ന കമന്റ്‌ ആണോ ഇത്? ഇനിയും കമന്റ്സ് ഇടണം, എല്ലായിടത്തും. ഇത്തരം കമന്റുകള്‍ ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് പലപ്പോഴും വഴിമരുന്നിടുന്നു. ഓരോ കമന്റിലും പുതുതായി എത്രപേരെ അറിയുന്നു, പുതിയതായി എന്തെല്ലാം അറിയുന്നു. അതാണ്‌ "ബൂലോഗം". വീണ്ടും കമന്റുകള്‍ ഇടുക.)

Related Posts with Thumbnails